Sunday, January 25, 2009

സഖാക്കളേ

പ്രിയപ്പെട്ട സഖാക്കളേ

രാഷ്ട്രീയ താല്‍പ്പര്യങ്ങളെ രാഷ്ട്രീയമായി നേരിടും -- ടി ശിവദാസമേനോന്‍







പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ വീണ്ടും ലാവ്ലിന്‍ വിഷയം ഉയര്‍ന്നുവന്നിരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്തും ഇതേ വിഷയം മുന്‍നിര്‍ത്തിയ പ്രചാരവേല കോഗ്രസും പത്രമാധ്യമങ്ങളും ചില തീവ്രവാദനിലപാടുകാരും നടത്തി. എന്നാല്‍, ആ തെരഞ്ഞെടുപ്പിലാണ് യുഡിഎഫിന് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്ന് ഏറ്റുവാങ്ങേണ്ടിവന്നത്. ഇത് കാണിക്കുന്നത് ഇപ്പോള്‍ നടത്തുന്ന പ്രചാരവേലകള്‍ ജനങ്ങള്‍ ഏതു തരത്തിലാണ് ഏറ്റെടുക്കുക എന്നാണ്. ലാവ്ലിന്‍ കേസ് ഇപ്പോള്‍ കുത്തിപ്പൊക്കിയത് രാഷ്ട്രീയമായ ദുഷ്ടലാക്കോടെയാണെന്ന് അതിന്റെ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാവും. യുഡിഎഫ് അധികാരത്തിലിരിക്കുന്ന കാലത്താണ് ഈ കേസുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുന്നത്. അന്ന് അതിന് പ്രത്യേക കാരണമുണ്ടായിരുന്നു. വയനാട്ടിലെ മുത്തങ്ങയില്‍ ആദിവാസികളെ പോലീസ് ഭീകരമായി പീഡിപ്പിക്കുകയും വെടിവയ്പില്‍ ആദിവാസി മരണപ്പെടുകയും ചെയ്ത സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധം സിപിഐ എം ഉയര്‍ത്തി. ആ പ്രക്ഷോഭത്തില്‍ ഈ ലേഖകന്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് ക്രൂരമായി മര്‍ദനമേല്‍ക്കുകയും ദിവസങ്ങളോളം ആശുപത്രിയില്‍ കിടക്കേണ്ടിവരികയും ചെയ്തു. വമ്പിച്ച ജനപിന്തുണയായിരുന്നു ഈ പ്രക്ഷോഭത്തിന്. നിരപരാധികളെ പീഡിപ്പിക്കുന്നതിനും പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനുള്ള സമീപനത്തിനെതിരെയും പ്രതിഷേധം വ്യാപകമായി. ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് ഒറ്റപ്പെട്ട യുഡിഎഫ് സര്‍ക്കാര്‍ അതില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടുക എന്ന ലക്ഷ്യത്തോടെയാണ് ലാവ്ലിന്‍ അന്വേഷണം വിജിലന്‍സിന് വിടാന്‍ തീരുമാനിച്ചത്. കോഗ്രസിന്റെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമുള്ള മന്ത്രിസഭയ്ക്കു കീഴിലുള്ള വിജിലന്‍സ് ഈ കേസിന്റെ അന്വേഷണം പൂര്‍ത്തീകരിച്ചു; അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുംചെയ്തു. ആ അന്വേഷണത്തില്‍ മുന്‍ വൈദ്യുതിമന്ത്രികൂടിയായ പിണറായി വിജയന്‍ ഏതെങ്കിലും തരത്തിലുള്ള കുറ്റംചെയ്തു എന്നു കണ്ടെത്താന്‍ കഴിഞ്ഞില്ല. 2006 മാര്‍ച്ച് ഒന്നാം തീയതി കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരുന്ന ദിവസമാണ് സിബിഐക്ക് അന്വേഷണം കൈമാറാനുള്ള തീരുമാനമെടുക്കുന്നത്. ഇത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണവിഷയമാക്കി രാഷ്ട്രീയ മുതലെടുപ്പിനായിരുന്നു ശ്രമം. ഈ ഘട്ടത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ 2006 ഡിസംബര്‍ 11ന് സിപിഐ എം കേന്ദ്രകമ്മിറ്റി അപലപിച്ചു. ഇത് രാഷ്ട്രീയ ലക്ഷ്യത്തോടെ പിണറായി വിജയനെ കേസില്‍ ഉള്‍പ്പെടുത്താനുള്ള പരിശ്രമമായിരുന്നു എന്നും പത്രക്കുറിപ്പിലൂടെ കേന്ദ്രകമ്മിറ്റി വ്യക്തമാക്കി. ഈ വിഷയത്തില്‍ കേന്ദ്രനേതൃത്വം എന്തു നിലപാട് സ്വീകരിക്കുന്നു എന്ന് ഇപ്പോള്‍ ചോദിക്കുന്നവര്‍ ഈ വസ്തുതകള്‍ ഓര്‍ക്കുന്നത് നന്ന്. ഇത്തരം പരിശ്രമമുണ്ടായിട്ടും തെരഞ്ഞെടുപ്പില്‍ എന്തു സംഭവിച്ചു എന്ന് നാമെല്ലാം കണ്ടതാണ്. കോഗ്രസിന്റെ മഹാരഥന്മാരില്‍ പലരും പരാജയത്തിന്റെ ചവറ്റുകൊട്ടയിലേക്ക് പോയപ്പോള്‍ പിണറായി വിജയന്‍ സെക്രട്ടറിയായിരിക്കുന്ന പാര്‍ടിയുടെ സ്ഥാനാര്‍ഥികള്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചുകയറുകയുംചെയ്തു.


അന്വേഷണം സിബിഐക്ക് വിട്ടപ്പോള്‍ സിബിഐ എടുത്ത നിലപാടും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. സംസ്ഥാനത്തെ ഒരു ഏജന്‍സി അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച ഒരു കേസ് വീണ്ടും അന്വേഷിക്കുന്നതിന് താല്‍പ്പര്യമില്ല എന്നായിരുന്നു അവരുടെ നിലപാട്. അതുകൊണ്ടുതന്നെ ഈ കേസ് സ്വീകരിക്കാന്‍ അവര്‍ തയ്യാറായില്ല. ഈ ഘട്ടത്തിലാണ് ഒരു മഞ്ഞപ്രസിദ്ധീകരണക്കാരന്‍ പൊതുതാല്‍പ്പര്യ ഹര്‍ജി എന്ന പേരു പറഞ്ഞ് ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയെക്കൊണ്ട് നടത്തിക്കണം എന്നാവശ്യപ്പെട്ട് ഹര്‍ജി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തതും അതിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചതും. 1995 ആഗസ്ത് 10ന് എസ്എന്‍സി കമ്പനിയുമായി കരാറില്‍ ഒപ്പിട്ടത് അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന ജി കാര്‍ത്തികേയനാണ്. കരാറിന്റെ കാര്യത്തില്‍ ഗൂഢാലോചന നടത്തി എന്നുണ്ടെങ്കില്‍ പ്രതിയാവേണ്ടത് മന്ത്രി ജി കാര്‍ത്തികേയനായിരുന്നു. എന്നാല്‍, അദ്ദേഹം പ്രതിയായില്ല എന്നതാണ് ഏറ്റവും രസകരമായ വസ്തുത. ഇത് രാഷ്ട്രീയമായ ഇടപെടലല്ലാതെ മറ്റെന്താണ് എന്ന് വ്യക്തമാക്കേണ്ട ബാധ്യത ഇപ്പോള്‍ പാര്‍ടിക്കെതിരായി പ്രചാരവേലയുമായി രംഗത്തിറങ്ങുന്നവര്‍ക്കുണ്ട്. ലാവ്ലിന്‍ കരാര്‍ പിണറായി വിജയന്റെമാത്രം സൃഷ്ടിയല്ല. ഈ കരാറിന്റെ തുടക്കക്കാരന്‍ ജി കാര്‍ത്തികേയനാണെങ്കില്‍ പിണറായി വിജയന്‍ മന്ത്രിയായതിനുശേഷമുള്ള കരാറിന്റെ തീരുമാനമെടുത്തത് മന്ത്രിസഭയാണ്. ക്യാബിനറ്റ് റൂള്‍സ് ഓഫ് ബിസിനസ് പ്രകാരം മന്ത്രിസഭാ യോഗത്തിലെടുക്കുന്ന തീരുമാനമെന്നത് എല്ലാ മന്ത്രിമാരുടെയും കൂട്ടുത്തരവാദിത്തമാണ്. അതില്‍നിന്ന് ഒരാളെമാത്രം അടര്‍ത്തിയെടുത്ത് പ്രതിചേര്‍ക്കാന്‍ പറ്റില്ല. നിയമപരമായി നിലനില്‍ക്കുന്ന ഈ കാഴ്ചപ്പാടിനെ മറികടന്നാണ് സിബിഐ രാഷ്ട്രീയലക്ഷ്യത്തോടെ ഈ തീരുമാനമെടുത്തത് എന്നത് നിഷേധിക്കാനാവില്ല. മന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് ഇപ്പോഴുള്ള മറ്റൊരു പ്രചാരവേല. അതിന്റെ ഭാഗമായി ക്യാബിനറ്റ് നോട്ടില്‍ എല്ലാ വിവരവും പറഞ്ഞില്ല എന്നാണ് പറയുന്നത്. ഒരു വിഷയം മന്ത്രിസഭയുടെ അജന്‍ഡയില്‍ വന്നുകഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചുരുക്കി നോട്ടിനകത്ത് ഉണ്ടാകും. ആ നോട്ടിന്റെ വിവരങ്ങള്‍ മാത്രമല്ല, അതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും യോഗത്തിനു മുമ്പാകെ വരും. എന്തെങ്കിലും സംശയമുള്ള ഏതെങ്കിലും അംഗങ്ങളുണ്ടെങ്കില്‍ അവര്‍ക്ക് ഈ ഫയലുകളെല്ലാം പരിശോധിക്കാവുന്നതുമാണ്. വസ്തുത ഇതായിരിക്കെ മന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചു എന്നു പറയുന്നത് ക്യാബിനറ്റിന്റെ ബാലപാഠം അറിയാവുന്ന ഒരാള്‍ക്കുപോലും അംഗീകരിക്കാനാവില്ല. മന്ത്രിസഭ ചേരുമ്പോള്‍ ആ മുറിയില്‍ ഉണ്ടാവുന്നത് മന്ത്രിമാരും ചീഫ് സെക്രട്ടറിയും മാത്രമാണ്. ഇവരാരും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മന്ത്രിസഭയ്ക്ക് നല്‍കിയിട്ടില്ല എന്ന ആരോപണം ഉന്നയിച്ചിട്ടില്ല. ഇവര്‍ ഉന്നയിക്കാത്ത ഒരു കാര്യം ഇപ്പോള്‍ മറ്റു ചിലര്‍ ഉന്നയിച്ച് മന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചു എന്ന് പറയുന്നത് സാമാന്യബുദ്ധിക്ക് നിരക്കുന്ന ഒന്നേയല്ല. മന്ത്രരിസഭായോഗത്തില്‍ പങ്കെടുത്തവര്‍ക്ക് പ്രശ്നമില്ലാതിരിക്കെ മൂന്നാമതൊരാള്‍ വന്ന് അവരെ തെറ്റിദ്ധരിപ്പിച്ചു എന്ന് പ്രഖ്യാപിക്കുന്ന സമീപനം നിയമത്തിന്റെ ചരിത്രത്തില്‍തന്നെ കാണാവുന്നതല്ല.


പിണറായി വിജയന്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്വന്തം നാട്ടില്‍ സ്ഥാപിക്കാന്‍ പരിശ്രമിച്ചു എന്നാണ് ഇപ്പോള്‍ പറയുന്നത്. യഥാര്‍ഥത്തില്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ തലശേരിയില്‍ സ്ഥാപിക്കാനുള്ള തീരുമാനം മന്ത്രിസഭ എടുത്തതാണ്. അതിന് പ്രത്യേക കാരണവുമുണ്ടായിരുന്നു. കേരളത്തില്‍ ക്യാന്‍സര്‍ ചികിത്സയ്ക്ക് തിരുവിതാംകൂറില്‍ ആര്‍ സി സിയുണ്ട്. തൃശൂരില്‍ അമല ആശുപത്രിയും വിദഗ്ധ ചികിത്സയ്ക്കായി നിലനില്‍ക്കുന്നു. എന്നാല്‍, കേരളത്തിലെ ക്യാന്‍സര്‍ രോഗികളില്‍ 30 ശതമാനം വരുന്ന മലബാര്‍ മേഖലയില്‍ ഇത്തരത്തിലുള്ള വിദഗ്ധ ചികിത്സയ്ക്ക് ഒരു സംവിധാനം ഇല്ലാത്തതുകൊണ്ടാണ് മലബാറില്‍ ഇത്തരമൊരു സ്ഥാപനം ആരംഭിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് കുറ്റമാണെന്നുള്ള കണ്ടെത്തല്‍ ദോഷൈകദൃക്കുകളുടെ മനസ്സില്‍നിന്നു മാത്രമേ രൂപപ്പെടുകയുള്ളൂ. കാര്‍ത്തികേയന്റെ കാലത്ത് കസള്‍ട്ടന്‍സി കരാര്‍ മാത്രമേ ഒപ്പിട്ടിട്ടുള്ളൂ എന്നാണ് ഇപ്പോള്‍ ചിലര്‍ പറയുന്നത്. എന്നാല്‍, കുറ്റ്യാടി എക്സ്റന്‍ഷന്‍ പദ്ധതിയില്‍ ഇതേ വഴിയിലൂടെയാണ് സപ്ളൈ കരാറും ഉണ്ടായത് എന്ന യാഥാര്‍ഥ്യം മറച്ചുവയ്ക്കുകയാണ് ചെയ്യുന്നത്. ഇതേ വഴിയിലൂടെയാണ് ആ പദ്ധതിയും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയത് എന്ന് ഓര്‍ക്കേണ്ടതുണ്ട്. ആഗോള ടെന്‍ഡര്‍ വിളിക്കാതെ എംഒയു വഴി ഒപ്പിട്ടു എന്നാണ് മറ്റൊരു വിമര്‍ശനം. അക്കാലത്ത് ഇത്തരം കരാറുകള്‍ക്ക് ആഗോള ടെന്‍ഡര്‍ വിളിക്കണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നില്ല. ആ വ്യവസ്ഥ പ്രാബല്യത്തില്‍ വന്നത് അതിനുശേഷമാണ്. അതുകൊണ്ട് ആഗോള ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ ഒപ്പിട്ടു എന്ന വാദവും നിയമപരമായി നിലനില്‍ക്കുന്നതല്ല. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിക്കാതെ കാര്യങ്ങള്‍ ചെയ്തു എന്ന ആക്ഷേപവും ഉയര്‍ത്തുന്നുണ്ട്. മന്ത്രിസഭയില്‍ ഈ കരാറുമായി ബന്ധപ്പെട്ട ഫയല്‍ വയ്ക്കുന്നത് ധനവകുപ്പിന്റെകൂടി നോട്ടിന്റെ അടിസ്ഥാനത്തിലാണ്. ഇത് രണ്ടും ചേര്‍ത്താണ് മന്ത്രിസഭയുടെ മുമ്പാകെ ഇതു വന്നത്. അതു രണ്ടും പരിശോധിച്ചുകൊണ്ട് മന്ത്രിസഭ കരാറിന് അംഗീകാരം നല്‍കുകയാണ് ഉണ്ടായത്. അതുകൊണ്ട് ധനവകുപ്പുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു എന്ന വാദവും നിലനില്‍ക്കുന്നതല്ല. നാഷണല്‍ ഹൈഡ്രോ കോര്‍പറേഷന്റെ റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍മാത്രം നോട്ടില്‍ പറഞ്ഞു എന്നാണ് പറയുന്നത്. മന്ത്രിസഭാ യോഗത്തിനു മുമ്പാകെ ആ റിപ്പോര്‍ട്ടിന്റെ പൂര്‍ണമായ രൂപം ഫയലില്‍ ഉണ്ടായിരുന്നു എന്ന യാഥാര്‍ഥ്യം ഈ പ്രഖ്യാപനം നടത്തുന്നവര്‍ മനസ്സിലാക്കാതെ പോവുകയാണ് ഉണ്ടായത്. കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ സമ്മതം വാങ്ങിയില്ല എന്നാണ് മറ്റൊരു വിമര്‍ശനമായി ഉന്നയിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍, ഈ പ്രോജക്ടുകള്‍ക്ക് ഇത്തരത്തിലുള്ള ഒരു അംഗീകാരത്തിന്റെയും നിയമപരമായ ആവശ്യമുണ്ടായിരുന്നില്ല. ഈ വസ്തുതയെല്ലാം കണക്കിലെടുക്കുമ്പോള്‍ ഒരു കാര്യം വളരെ വ്യക്തമാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെ പിണറായി വിജയനെ കേസില്‍പ്പെടുത്തുക എന്ന രാഷ്ട്രീയ തീരുമാനം ഈ വിഷയത്തില്‍ കോഗ്രസ് സ്വീകരിച്ചിട്ടുണ്ട്. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരിനെ ഉപയോഗിച്ച് കേരളത്തിലെ ഏറ്റവും പ്രഗത്ഭരായ വൈദ്യുതി മന്ത്രിയുടെ പട്ടികയില്‍പ്പെടുന്ന പിണറായി വിജയനെ കേസില്‍പെടുത്തുകയാണ് ഉണ്ടായത്. സിപിഐ എം കേന്ദ്രകമ്മിറ്റി പത്രക്കുറിപ്പില്‍ പറഞ്ഞ ദീര്‍ഘവീക്ഷണം ശരിയായിരുന്നു എന്നാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്. രാഷ്ട്രീയമായി തീരുമാനമെടുത്തുകൊണ്ട് കേസ് രൂപപ്പെടുത്താനുള്ള പരിശ്രമത്തെ രാഷ്ട്രീയമായിത്തന്നെ നേരിടുക എന്നാണ് പാര്‍ടി തീരുമാനിച്ചിട്ടുള്ളത്. ഇത്തരമൊരു സംഭവത്തില്‍ അത്തരമൊരു രീതി തന്നെയാണ് ഏറ്റവും അഭികാമ്യമായിട്ടുള്ളത്. ജനങ്ങളാണ് ചരിത്രം നിര്‍ണയിക്കുന്നത്. ആ ജനതയുടെ മുമ്പില്‍ ഈ വിഷയം ശക്തമായി അവതരിപ്പിക്കാനാണ് സിപിഐ എം തീരുമാനം. അതോടൊപ്പംതന്നെ നിയമപരമായി മുന്നോട്ടുവയ്ക്കുന്ന എല്ലാ പ്രശ്നങ്ങളെയും അതിന്റെ പൊള്ളത്തരം തുറന്നുകാണിച്ചുകൊണ്ട് നേരിടാനും പാര്‍ടി പ്രതിജ്ഞാബദ്ധമാണ്. രാഷ്ട്രീയത്തെ രാഷ്ട്രീയമായും നിയമനടപടികളെ നിയമപരമായും തുറന്നുകാട്ടിക്കൊണ്ട് ജനങ്ങളെ അണിനിരത്തി ഞങ്ങള്‍ മുന്നോട്ടുപോകും.



Wednesday, January 14, 2009

Friday, January 9, 2009

മഴയുടെ ഓര്‍മ്മകള്‍

ചിലപ്പോഴൊക്കെ എന്നെ തിരക്കി വരും
കരഞ്ഞു തീര്‍ന്നോടുങ്ങുന്ന .....
ഉഷ്നരാവുകളില്‍.....
പിന്നെയും ചിലപ്പോള്‍ വരാറുണ്ട്
അകമേ..... വേനലെരിയുന്ന
പെരുമഴകുളിരിലും.....
ഓര്‍മ്മകള്‍
...........മഴയുടെ ഓര്‍മ്മകള്‍

Friday, January 2, 2009

ലഹരിയുറയുന്ന സ്ഫടികപാത്രങ്ങള്‍ തന്നെന്റെ
രക്തം കിനിഞ്ഞു ഇറങ്ങുന്ന
പ്രണയം പറിച്ചു വാങ്ങിയ പൊന്നു ചങ്ങാതിയെ മറക്കില്ലൊരിക്കലും
ഒരു കവിള്‍ പുകയിലും അലിഞ്ഞു പോകില്ല ഓര്‍മ്മ
ഓര്‍ക്കുക നീ